സ്‌നേഹാഞ്ജലി

പ്രേമോദാരമീയുലകിലെന്നും വറ്റാത്തസ്നേഹമായ്
വീശിടട്ടെ വസന്തങ്ങള് തോളിലേറ്റുന്ന കാറ്റുകള്
നിന്നുപെയ്യട്ടെയാര്ദ്രമാം ഗീതമോതുന്ന പൂമഴ
വന്നുപൊന്നൊളിതൂകട്ടെ നിന്റെ മുറ്റത്തിളംവെയില്.

Tuesday, August 14, 2012

പ്രണതോസ്മ്യഹം


ഇരുകൈക്കുമ്പിളില്‍
കോരിയെടുത്ത നിലാവിന്റെ
പൂവിതള്‍ത്തുള്ളികള്‍ വീണലിയുന്നതോ
പൊന്നാര്യന്‍ കൊയ്യുന്ന
പാടത്തെ തത്തകള്‍
കൊത്തുന്ന കതിര്‍മണികളൂര്‍ന്നു വീഴുന്നതോ
ഏതോ വിഷാദം
വിതുമ്പുന്നൊരോര്‍മ്മയായ്
പൊട്ടിയ കുപ്പിവളകളായി മാറുന്നതോ
ഒരു കൃഷ്ണത്തുളസിക്കതിരിന്റെ
നൈര്‍മല്യമൊഴുകുന്ന
ചിത്തത്തിലഗ്നിയാളുന്നതോ
കാണ്മൂ ഞാന്‍; നിറമിഴികള്‍
വാര്‍ത്ത കണ്ണീരിലായ്
ഇതളിട്ട കാവ്യകുസുമങ്ങള്‍
എത്തിപ്പിടിക്കുവാനായുമ്പൊഴൊക്കെയും
കൈവിട്ടുപോകുന്ന സ്വപ്നങ്ങളില്‍
അഴലാഴികള്‍ നീന്തിയ ജന്മം
മുന്നെയെന്നോ ജീവിതവെട്ടമെന്നോര്‍ത്തവര്‍
കൂരിരുള്‍ക്കാടുകളാകയാല്‍; ഉള്ളിലെ
താന്തമാം പ്രണയചരമശോകാഗ്നിയില്‍
ഉയിരാര്‍ന്ന തപ്തവാക്യങ്ങള്‍....

പൂവാങ്കുരുന്നിന്റെ പൊന്നും കിനാക്കളില്‍
പൂക്കാലമുണ്ടായിരുന്നപോലെ....
കുന്നിന്‍ചെരുവിലെ പൂന്തേനരുവികള്‍
ആഴിക്കനവായിരുന്നപോലെ...
* * * * *

മൂകമായസ്വസ്ഥ ചിന്തകളായിരം
അന്തരംഗത്തില്‍ തുടിക്കെ
നോവുകള്‍ രാവുകള്‍ നിദ്രാവിഹീന-
ങ്ങളാക്കുവാനോടിക്കിതക്കെ
കാണുന്നുയിരുളാര്‍ന്ന ജീവിതപ്പാതയില്‍
നിഴല്‍പോലെയൊരു മാതൃചിത്തം
ഏകമകളെക്കുറിച്ചോര്‍ത്തുരുകുമ്പൊഴാര്‍ദ്രമായ്
നിറയുന്ന മാതൃനയനങ്ങള്‍.....

പ്രണതോസ്മ്യഹം!
ആ മാതൃഹൃദയത്തിലെ നേരിനും
നന്മതന്‍ വാത്സല്യധാരയാം
അലിവിനും മുമ്പില്‍ പ്രണതോസ്മ്യഹം!

നീ സൗഭാഗ്യവതി!
ഒരു സ്‌നേഹക്കടലത്രയും
ഹൃദയാന്തരാളങ്ങളില്‍; ജീവാത്മജക്കായ്
കരുതുന്നൊരമ്മതന്നാരോമലായ
നീയെത്ര സൗഭാഗ്യവതി!
* * * *

നരജന്മജീവിത യാത്രകളൊക്കെയും
സു:ഖദു:ഖ സമ്മിശ്രമാവാം
അതിനാലൊരിക്കല്‍ വിഷാദം കളഞ്ഞിനി
മിഴികളില്‍ സ്വപ്നം നിറയ്ക്കാം
സങ്കടപ്പേമാരി തീര്‍ന്നപോലെയാരോ
കണ്ണീരുമായ്ച്ചു ചിരിച്ചപോലെ

ഇന്നിന്‍ നിരാശകള്‍ മാഞ്ഞുതെളിയുന്ന
പൊന്‍പുലര്‍കാലങ്ങളെത്തിയേക്കാം
വാര്‍മുകിലേഴുനിറങ്ങളണിഞ്ഞൊരു
മഴവില്‍ക്കാവടിയാടിയേക്കാം
വാരിക്കുഴികളൊരുക്കിയോരെല്ലാരും
വിസ്മയം പൂണ്ട് മടങ്ങിയേക്കാം
ശാന്തിയായ് സാന്ത്വനസാമഗാനങ്ങളായ്
വെള്ളരിപ്രാവ് കുറുകിയേക്കാം

എന്നുള്ളൊരാശകള്‍
ആശംസവാക്കിന്റെ
പൂക്കളായിന്നു പൊഴിച്ചിടട്ടെ!

അക്ഷരനിലാവിന്റെ ചാരുഹാസങ്ങളായ്
പാരില്‍പരക്കുന്ന വചനങ്ങളാവുക
തളരാതെയിടറാതെ
ചുവടുകള്‍ പിഴയ്ക്കാതെ
പടവെട്ടിമുന്നേറും ഒരു ധീരയാവുക
ഒരുതേങ്ങലകലുന്ന താരാട്ട് പാട്ടിന്റെ
തരളസംഗീതത്തിനീണങ്ങളാവുക
അന്ധകാരങ്ങളെയകറ്റിയോടിക്കുവാന്‍
എന്നും ജ്വലിക്കുന്ന തിരിവെട്ടമാവുക

ഭൂമിയില്‍
ജീവന്‍ മനുഷ്യന്റെ വെളിച്ചമാകുംപോലെ
ആദിയില്‍
വചനങ്ങളുണ്ടായിരുന്നപോലെ.